മ്യൂണിക്: യൂറോപ്പിലെ ക്രൈസ്തവര്‍ക്കുനേരേ അസഹിഷ്ണുതയും വിവേചനവും വർധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പള്ളികൾ, വിശ്വാസ ചിഹ്നങ്ങൾ, ക്രൈസ്തവര്‍ എന്നിവരെ ലക്ഷ്യമിട്ട് 34 വിദ്വേഷ കുറ്റകൃത്യങ്ങൾ കഴിഞ്ഞ മാസത്തില്‍ നടന്നിട്ടുണ്ടെന്ന് ഒബ്സർവേറ്ററി യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.
17 നശീകരണ കേസുകൾ, തീവയ്പുമായി ബന്ധപ്പെട്ട 11 ആക്രമണങ്ങൾ, പള്ളി അശുദ്ധമാക്കലുമായി ബന്ധപ്പെട്ട മൂന്നു സംഭവങ്ങൾ, വിശുദ്ധ വസ്തുക്കളെ ലക്ഷ്യംവച്ചുള്ള രണ്ടു മോഷണങ്ങൾ, ഒരു ശാരീരികമായ അക്രമ കേസ് എന്നിവ ഇതിലുൾപ്പെടുന്നു.
ഫെബ്രുവരിയിൽ ക്രൈസ്തവവിരുദ്ധ അക്രമസംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ ഫ്രാൻസും ഇറ്റലിയുമാണ് മുന്നിൽ. ഏഴെണ്ണം വീതം. ജർമനി (ആറ്), നെതർലൻഡ്സ് (മൂന്ന്), സ്പെയിൻ (രണ്ട്), സ്വീഡൻ (രണ്ട്), പോളണ്ട് (ഒന്ന്), ഗ്രീസ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് കണക്ക്. യൂറോപ്യൻ യൂണിയനു പുറത്ത് ബ്രിട്ടൻ (നാല്), ബോസ്നിയ ആൻഡ് ഹെർസഗോവിന (ഒന്ന്) എന്നിവിടങ്ങളിലും ക്രൈസ്തവ വിരുദ്ധ അക്രമസംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പള്ളികള്‍ക്കുള്ളില്‍ മനഃപൂർവം തീയിടുകയോ വിശുദ്ധ വസ്തുക്കളെ അവഹേളിക്കുകയോ ചെയ്യുന്ന ആക്രമണങ്ങളാണ് ഇവയിലേറെയും. ഫ്രാൻസിലെ ലോയിറെറ്റിൽ ഒരു പള്ളിയുടെ അൾത്താര തീവയ്ക്കാൻ ശ്രമമുണ്ടായി. നെതർലൻഡ്സിലെ ഈഡിൽ മൂന്നു പള്ളികളിൽ തീപിടിത്തമുണ്ടായി. അഞ്ചു ദിവസത്തിനുള്ളിലായിരുന്നു മൂന്നു സംഭവങ്ങളും. ഇവ കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരിച്ചു.